politics
VAIKOM MUNICIPALITY VANDE MATARAM INDEPENDENCE DAY INDEPENDENCE DAY CELEBRATION
കോട്ടയം: വൈക്കം നഗരസഭയിൽ സ്വാതന്ത്ര്യദിന പരിപാടിക്കിടെ പ്രോട്ടോക്കോൾ ലംഘനം നടന്നതായി പരാതി. ബിജെപി കൗൺസിലർ എംകെ മഹേഷാണ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായതായി പരാതി ഉന്നയിച്ചത്. ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ ആറ് ചരണങ്ങളിൽ ഒന്ന് മാത്രമാണ് നഗരസഭയിൽ ആലപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി കൗൺസിലറുടെ പരാതി. പതാക ഉയർത്തിയതിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടയിൽ യുഡിഎഫ് കൗൺസിലർമാർ ദേശീയ ഗാനം ആലപിച്ചിരുന്നു. ഔദ്യോഗിക സർക്കാർ ചടങ്ങുകളിലും പൊതുസ്ഥാപനങ്ങളിലും വന്ദേമാതരം പൂർണമായി പാടുകയോ പ്ലോ ചെയ്യുകയെ വേണമെന്നാണ് പ്രോട്ടോക്കോൾ. എന്നാൽ ഇത് ലംഘിച്ച് കൊണ്ടാണ് ആറ് ചരണങ്ങളിൽ ഒന്ന് മാത്രം ആലപിച്ചത്. ദേശീയ ഗീതത്തോടുള്ള തികച്ചും അപലപനീയമായ ഒരു കാര്യമാണ് ഇന്ന് വൈക്കം നഗരസഭയിൽ നടന്നത്. യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് കൗൺസിലർ മഹേഷ് പറഞ്ഞു. ഒരു പ്രോട്ടോക്കോളും ഇല്ലാതെ ഓഗസ്‌റ്റ് 15ന് പതാക ഉയർത്തണം എന്നുള്ളത് കൊണ്ട് മാത്രം പതാക ഉയർത്തുന്നു എന്ന രീതിയിലാണ് വൈക്കം നഗരസഭയിൽ ഈ കാര്യങ്ങൾ നടന്ന് വരുന്നത്. ഒരു വിഭാഗം വന്ദേമാതരം ആലപിക്കുന്ന സമയത്ത് മറ്റൊരു വിഭാഗം അവിടെ ദേശീയഗാനം ആലപിക്കുന്നത്. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിൽ വളരെ നികൃഷ്‌ടമായ രീതിയിലുള്ള പ്രവർത്തനമാണ് ഇന്ന് ഇവിടെ നടന്നിരിക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ബിജെപി കൗൺസിൽ അംഗങ്ങൾ നഗരസഭ സെക്രട്ടറിയെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. തദ്ദേശ വകുപ്പിനും കേന്ദ്ര സർക്കാരിനും പരാതി നൽകുമെന്നും ബിജെപി കൗൺസിലർമാർ അറിയിച്ചു.
Read full article on Etv Bharat